26 April 2024 Friday

വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോർഡ് മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി.

ckmnews

ശൂരനാട്: വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തിൽ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമി(20)യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.


കേരള ബാങ്ക് പതാരം ശാഖയിൽനിന്ന് 2019-ൽ അജികുമാർ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുൻബാധ്യതകൾ വീട്ടുന്നതിനായിരുന്നു വായ്പയെടുത്തത്.


വിദേശത്തായിരുന്ന അജികുമാർ കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിനുമുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചു. ഈസമയത്ത് വീട്ടിൽ അജികുമാറിന്റെ പ്രായമായ അച്ഛനും അമ്മയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അജികുമാറും ഭാര്യയും മകളും ചെങ്ങന്നൂരിൽ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. വീട്ടിലെത്തിയപ്പോൾ ബോർഡ് കണ്ട് മകൾ ദുഃഖിതയായിരുന്നെന്ന് അജികുമാർ പോലീസിനോട് പറഞ്ഞു.