27 April 2024 Saturday

പട്ടിക വിഭാഗക്കാര്‍ക്ക് 109.28 ഹെക്ടര്‍ ഭൂമി ഭൂമി തരം മാറ്റിനല്‍കുമെന്ന് അവകാശപ്പെടുന്ന ഏജന്‍സികക്കെതിരെ കര്‍ശന നടപടി

ckmnews

ജില്ലയിലെ പട്ടിക വിഭാഗക്കാര്‍ക്ക് 109.28 ഹെക്ടര്‍ ഭൂമി


ഭൂമി തരം മാറ്റിനല്‍കുമെന്ന് അവകാശപ്പെടുന്ന ഏജന്‍സികക്കെതിരെ കര്‍ശന നടപടി


ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജില്ലയില്‍ 109.28 ഹെക്ടര്‍ ഭൂമി പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് മാസത്തിനകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.10736 പട്ടയങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്ത മലപ്പുറം മാതൃക സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കും.പട്ടയവിതരണത്തിന്റെ വേഗവും എണ്ണവും വര്‍ധിപ്പിക്കും. തിരൂര്‍ താലൂക്കിലെ കൊടക്കല്‍ ടൈല്‍ ഫാക്ടറി ഏറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ചുനല്‍കാന്‍ നടപടി തുടങ്ങിയതായും മന്ത്രി.കളക്ടര്‍ മുതല്‍ തഹസില്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍  പ്രത്യേകപരിപാടി തയ്യാറാക്കി  എല്ലാ മാസവും വില്ലേജ് ഓഫീസുകളില്‍ സന്ദര്‍ശനം നടത്തും.വില്ലേജ് തല ജനകീയ സമിതിയുടെ യോഗം കൃത്യമായി ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.  ഫയല്‍ നീക്കം കാര്യക്ഷമമാക്കാന്‍ തുടര്‍ച്ചയായി ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഭൂമി തരം മാറ്റിനല്‍കുമെന്ന് അവകാശപ്പെടുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത്തരം ഏജന്റുമാര്‍ക്കെതിരെ കര്‍ശനമായി നടപടി എടുക്കുമെന്നും മന്ത്രി.പെരിന്തല്‍മണ്ണ താലൂക്കിലെ ഏതാനും കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അവര്‍ക്ക് ഉടമസ്ഥാവകാശം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലയില്‍ 53 കിലോമീറ്റര്‍ ദൂരം കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി  സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്നും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.