27 April 2024 Saturday

വി.പി.നിസാറിന് കേരളീയം-വി.കെ. മാധവന്‍കുട്ടി മാധ്യമ പുരസ്‌കാരം

ckmnews



മലപ്പുറം:കേരളീയം-വി.കെ. മാധവന്‍കുട്ടി  അച്ചടി മാധ്യമ പുരസ്‌കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി.നിസാറിന്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ദുരിതം അനുഭവിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ച് 2021 ഡിസംബര്‍ 22മുതല്‍ അഞ്ചു ലക്കങ്ങളിലായി മംഗളം ദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച  ഉടലിന്റെ അഴലളവുകള്‍ എന്ന വാര്‍ത്താലേഖന പരമ്പരക്കാണ് അവാര്‍ഡ്  ലഭിച്ചത്. 50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹ്യപ്രതിബദ്ധത വിഷയമാക്കിയുള്ള ഏറ്റവും മികച്ച റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ജൂറി വ്യക്തമാക്കി. ഐ.എഫ്.എസ് മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ അധ്യക്ഷനും മാധ്യമ പ്രവര്‍ത്തകയും മൂന്‍ പി.എസ്.സി അംഗവുമായ ആര്‍. പാര്‍വതി ദേവി, പി.ടി.ഐ തിരുവനന്തപുരം മൂന്‍ ബ്യൂറോ ചീഫ് എന്‍.മുരളീധരന്‍, മൂന്‍മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ പി.ടി.ചാക്കോ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

സമൂഹം അര്‍ധമനസ്സോടെയും അറച്ചറച്ചും ചര്‍ച്ച ചെയ്യുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ഒരു വിഷയത്തെ സമഗ്രമായും സമചിത്തതോടെയും അവതരിപ്പിക്കാന്‍ ലേഖകന് സാധിച്ചതായി ജൂറി വിലയിരുത്തി.

രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ പത്രപ്രവര്‍ത്തകര്‍ക്ക് കൊല്‍ക്കത്ത ആസ്ഥാനമായ സ്റ്റേറ്റ്‌സ്മാന്‍ നല്‍കുന്ന ദേശീയ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, രണ്ടുതവണ കേരളാ നിയമസഭയുടെ മാധ്യമ അവാര്‍ഡ്, രണ്ടു തവണ സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, രണ്ടു തവണ കേരളാ മീഡിയാ അക്കാദമിയുടെ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവ പ്രതിഭാ അച്ചടി മാധ്യമ പുരസ്‌കാരം,

പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, ജോയി വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന  മാധ്യമ അവാര്‍ഡ്,സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, രണ്ടുതവണ പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്,  24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 19 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.