27 April 2024 Saturday

ഇഐഎ കരട് വിജ്ഞാപനം: കേന്ദ്രത്തിനെതിരായ കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ckmnews

ന്യൂഡല്‍ഹി: ഇ.ഐ.എ. കരട് വിജ്ഞാപനം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.

അതേസമയം കരട് മറ്റ് ഭാഷകളില്‍ കൂടി പ്രസിദ്ധീകരിച്ച് കൂടേയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആരാഞ്ഞു.

കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ഇറങ്ങുന്ന വിജ്ഞാപനം വായിച്ചാല്‍ പൂര്‍ണ്ണമായ തോതില്‍ അതിന്റെ അര്‍ഥം മനസിലായിക്കൊള്ളണം എന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ ചൂണ്ടിക്കാട്ടി.

അതേസമയം ഔദ്യോഗിക ഭാഷാ ചട്ട പ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. ഔദ്യോഗിക ഭാഷാ ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന് പരിഗണിച്ച് കൂടേയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

വിവര്‍ത്തനം പലപ്പോഴും ഫലപ്രദം ആയിരിക്കെല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ആധ്യാത്മികമായ ഗവേഷണ പ്രബന്ധമായി വിവര്‍ത്തനം ചെയ്യാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ അത് ഫലം കണ്ടില്ല. എംബ്രോയിഡറി ചെയ്ത തുണിയുടെ പിറകുവശം പോലെയാണ് വിവര്‍ത്തനമെന്നും സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വാദം ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ക്ക് ബാധകമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

കോടതി അലക്ഷ്യ നടപടി സ്റ്റേ ചെയ്തുവെങ്കിലും, വിവിധ ഭാഷകളിലേക്ക് ഇ.ഐ.എ. കരട് വിജ്ഞാപനം തര്‍ജ്ജിമ ചെയ്തു പ്രസിദ്ധീകരിക്കണം എന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസിലെ നടപടികള്‍ തുടരട്ടെ എന്നാണ് സുപ്രീം കോടതിയുടെ നിലപാട്.