27 April 2024 Saturday

അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ: ബ്രിട്ടനെ പിന്നിലാക്കി ഇന്ത്യൻ കുതിപ്പ്

ckmnews

അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ: ബ്രിട്ടനെ പിന്നിലാക്കി ഇന്ത്യൻ കുതിപ്പ്


ന്യൂഡൽഹി:ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഈ വർഷം രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. 2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് ഇന്ത്യയ്ക്കു കരുത്തായതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.


മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 854.7 ബില്യൻ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൻ ഡോളറും. ഒന്നാം സ്ഥാനത്തുള്ള യുഎസിന് 25,350 ബില്യൻ ഡോളറാണു അവസാന പാദത്തിലെ മൂല്യമെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്ക്. അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ബ്രിട്ടനിൽ ജീവിതച്ചെലവ് കൂടിയ സമയത്താണ് ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 2019ലും ഇന്ത്യ യുകെയെ മറികടന്നിരുന്നു.



ആദ്യപാദ വളർച്ചനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എസ്ബിഐ റിസർച്ച്, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അടക്കമുള്ളവ ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് അനുമാനം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് യുകെയെ പിന്തള്ളിയ വിവരം പുറത്തുവരുന്നത്. 7.5% ആയിരുന്ന അനുമാനം 6.8 ശതമാനമായിട്ടാണ് എസ്ബിഐ റിസർച്ച് കുറച്ചത്. മൂഡീസ് 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചു. രാജ്യം രേഖപ്പെടുത്തിയ ആദ്യപാദ സാമ്പത്തികവളർച്ച 13.5% ആണ്. റിസർവ് ബാങ്കിന്റെ അനുമാനം 16.2 ശതമാനമായിരുന്നു.