09 May 2024 Thursday

പാലിന്റെ വില കൂട്ടി അമൂൽ, ലിറ്ററിന് രണ്ട് രൂപ വ‍ര്‍ധിക്കും; നാളെ മുതൽ നിലവിൽ വരും

ckmnews

രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഇതോടെ നാളെ മുതൽ അമൂൽ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിക്കും. അര ലിറ്ററിന്റെ പാക്കിന് ഒരു രൂപ വ‍ര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ എന്ന സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്.

ഗുജറാത്ത്, ദില്ലി എൻസിആ‍ര്‍, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലടക്കം അമൂലിന്റെ ഫ്രഷ് പാൽ ലഭിക്കുന്ന ഇടങ്ങളിലെല്ലാം വില വര്‍ധിക്കും. അമൂൽ ഗോൾഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും. അമൂൽ താസ അര ലിറ്റ‍ര്‍ പാക്കറ്റിന് 25 രൂപയാകും. അമൂൽ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും. 

നാല് ശതമാനമാണ് അമൂലിന്റെ മാക്സിമം റീടെയ്ൽ വിലയിലുള്ള വര്‍ധന. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റ തോതിലും താഴെയാണ്. തങ്ങളുടെ മെമ്പ‍ര്‍ യൂണിയനുകൾക്ക് 8 മുതൽ 9 ശതമാനം വരെ പ്രതിഫല വര്‍ധന നൽകിയെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പറയുന്നു. പാൽ ഉൽപ്പാദന, സംസ്കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില വര്‍ധിപ്പിക്കാൻ നിര്‍ബന്ധിതരായതെന്നാണ് അമൂൽ വ്യക്തമാക്കുന്നത്.വൈദ്യുതി, പാക്കിങ്, ചരക്ക് ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതായാണ് അമൂൽ കമ്പനി പറയുന്നത്. അമൂൽ ഗോൾഡിന് ലിറ്ററിന് 62 രൂപയാകും നാളെ മുതലുള്ള പുതിയ നിരക്ക്. അമൂൽ താസയ്ക്ക് നാളെ മുതൽ ലിറ്ററിന് 50 രൂപയായും വില വര്‍ധിക്കും. അമൂൽ ശക്തി വാങ്ങുന്ന ഉപഭോക്താക്കൾ നാളെ മുതൽ ഒരു ലിറ്റ‍ര്‍ പാക്കറ്റിന് 56 രൂപ നൽകേണ്ടി വരും.