09 May 2024 Thursday

യുവമോര്‍ച്ച നേതാവിന്‍റെ പ്രാദേശിക വാഹനങ്ങൾ കത്തിച്ചു

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ട നാല് വാഹനങ്ങള്‍ക്ക് തീയിട്ടു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചതിനാല്‍ വീട്ടിലേക്ക് തീ പടര്‍ന്നില്ല. ഈയിടെ തൃശൂരില്‍ നിന്ന് മോഷണം പോയ ബൈക്ക് തീപിടുത്തം നടന്ന സ്ഥലത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട പൂവച്ചലിലാണ് സംഭവം.

പുലര്‍ച്ചെ നാല് മണിയോടെ നാട്ടുകാരാണ് യുവമോര്‍ച്ച പ്രാദേശിക നേതാവായ സിദ്ധാര്‍ത്ഥിന്‍റെ വീട്ടില്‍ തീ ആദ്യം കണ്ടത്. അപ്പോള്‍ തന്നെ തീ കെടുത്താനായതിനാല്‍ വീട്ടിലേക്ക് തീ പടര്‍ന്നില്ല. വീടിന്‍റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാറും ബൈക്കും രണ്ട് സ്കൂട്ടറിനുമാണ് തീയിട്ടത്. ബൈക്കും കാറും ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീ വീട്ടിലേക്ക് പടരുന്നതിന് മുമ്പ് അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം സജീവമായി പുരോഗമിക്കുന്നുണ്ട്. 

പ്രദേശത്തെ സിസിടിവികള്‍ രാവിലെ മുതല്‍ തന്നെ പൊലീസ് പരിശോധിച്ച് തുടങ്ങി. തൃശൂരില്‍ നിന്ന് മോഷണം പോയ ബൈക്ക് വീടിന്‍റെ തൊട്ടടുത്ത് ഉപേക്ഷിച്ച നിലയില്‍ക ണ്ടെത്തിയതായി കാട്ടാക്കട പൊലീസ് പറഞ്ഞു. മോഷണം പോയ ബൈക്കിലെത്തിയാണ് അക്രമികള്‍ തീയിട്ടത് എന്നാണ് പൊലീസ് കരുതുന്നത്. സിദ്ധാര്‍ത്ഥ് പ്രാദേശിക യുവമോര്‍ച്ച നേതാവ് ആയതുകൊണ്ട് തന്നെ രാഷ്ട്രീയ വൈരാഗ്യമാണോ അതോ മറ്റേതെങ്കിലും കാരണമാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി പരിശോധിക്കുന്നതായും ആരാണ് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വന്നില്ലെന്നും പൊലീസ് പറഞ്ഞു.