26 April 2024 Friday

മലയാളിയുടെ കത്തിൽ പ്രധാനമന്ത്രി ഇടപെട്ടു; 150 രൂപയുടെ ചായയ്ക്ക് ഇനി 15 രൂപ

ckmnews

കൊച്ചി∙ വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതിയായി. 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയുന്നു. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടും. പ്രധാനമന്ത്രിയുടെ ഇടപെടലാണ് വളരെനാളായുള്ള യാത്രക്കാരുടെ ആവശ്യം നടപ്പാക്കാന്‍ കാരണം.  തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി.‘2019 മാർച്ചിൽ ഡൽഹിയിലേക്കു പോകാനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയുണ്ടായി. തുച്ഛമായ പണം മാത്രമാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ മൂന്നോ നാലോ കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ ഒരു ബ്ലാക് ടീയ്ക്ക് 150 രൂപയാണ് ആവശ്യപ്പെട്ടത്. ഒരു ഗ്ലാസിൽ ചൂടുവെള്ളത്തിൽ ഒരു ടീ ബാഗ് ഇട്ടു തരുന്നതിനാണ് 150 രൂപ അവർ ചോദിച്ചത്. മറ്റൊരു കൗണ്ടറിൽ ചായയ്ക്കും കാപ്പിക്കും 100 രൂപ വീതമാണ് അവർ ഈടാക്കുന്നത്.’– വിമാനത്താവളത്തിലെ കൊള്ളയ്ക്കെതിരെ നിമയപോരാട്ടത്തിന് ഒരുങ്ങാനുണ്ടായ സാഹചര്യം ഷാജി വിശദീകരിക്കുന്നു.  ചായയ്ക്കും കാപ്പിക്കും കൊടുക്കുന്ന കപ്പ് കണ്ടാൽ തന്നെ സങ്കടമാകും അത്രയും ചെറിയ കപ്പിലാണ് കൊടുക്കുന്നത്. ഒരു വർഷം ഒരു കോടിയോളം യാത്രക്കാർ നെടുമ്പാശേരി പോലുള്ള വിമാനത്താവളത്തിൽ എത്തുന്നുണ്ട്. അതിൽ പ്രവാസികളും, ജോലി തേടി വിദേശത്തേക്ക് പോകുന്നവരും, ഹജ് തീർഥാടകരും ഒക്കെ ഉൾപ്പെടും. ഇവർ ഒന്നോ രണ്ടോ മണിക്കൂർ വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിക്കാൻ 200, 100 രൂപയൊക്കെ ചെലവാക്കേണ്ട അവസ്ഥ കഠിനമാണ്. യാത്രക്കാര്‍ 200 ഉം 300 രൂപ യൂസേഴ്സ് ഫീ കൊടുത്തിട്ടാണ് വിമാനത്താവളത്തിനകത്തു പ്രവേശിക്കുന്നത്. തുടർന്ന് വീണ്ടും ഒരു ചായയ്ക്കു നൂറു രൂപയിലധികം കൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. അതിനാലാണ് ഈ പകൽക്കൊള്ളയ്ക്കെതിരെ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചതെന്ന് ഷാജി പറഞ്ഞു.

2019 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രിയ്ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിയ്ക്കും രജിസ്റ്റേര്‍ഡ് പരാതി അയച്ചത്. ഒരാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും മറുപടി ലഭിച്ചു. തുടര്‍ നടപടിയുണ്ടാകുമെന്നു കത്തില്‍ സൂചിപ്പിച്ചു. അവര്‍ വ്യോമയാന മന്ത്രാലയത്തിനു കത്തു കൈമാറി. പിന്നീട് ഇവര്‍ ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കു സന്ദേശം അയച്ചു. തുടര്‍ന്ന് സിയാല്‍ സീനീയര്‍ മാനേജരാണ് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും 15 രൂപയ്ക്കു സ്നാക്സും നല്‍കുമെന്നു വെബ്സൈറ്റില്‍ അറിയിച്ചത്. സാധാരണക്കാര്‍ക്കു വലിയ നേട്ടമാണിത്. നിയമം നടപ്പിലാകുന്നുണ്ടെന്നു ഉറപ്പു വരുത്തുമെന്നും അഡ്വ. ഷാജി പറഞ്ഞു.