26 April 2024 Friday

ന്യൂനപക്ഷ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിൽ; സുപ്രീംകോടതിയുടെ നിർണ്ണായക വിലയിരുത്തൽ

ckmnews

ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന്  ദേശീയ കണക്കുകളുടെ പേരിൽ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം.


ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഹിന്ദുക്കൾ ന്യൂനപക്ഷമായ ഇടങ്ങളിൽ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഇക്കാര്യത്തിൽ കണക്കുകൾ നൽകാനാണ് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചത്. മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാചാൻജ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.