01 May 2024 Wednesday

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി

ckmnews

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. എംപിമാരും പാർലമെന്റിൽ വോട്ട് ചെയ്യുകയാണ്. ഇലക്ടറൽ കോളജിന്റെ ഭാഗമായ സംസ്ഥാന എംഎൽഎമാർ അവരുടെ സംസ്ഥാന അസംബ്ലികളിൽ വോട്ട് രേഖപ്പെടുത്തുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.പാർലമെന്‍റിലെ 63-ാം നമ്പർ മുറി പോളിംഗ് ബുത്തായി സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 776 പാർലമെന്റ് അംഗങ്ങളും 4,033 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ. അതേസമയം അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്.


എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടം. എന്നാൽ മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതും ആശ്വാസമായിട്ടുണ്ട്. വോട്ടെണ്ണൽ ജൂലായ് 21 ന് നടക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25 നും സത്യപ്രതിജ്ഞ ചെയ്യും.