08 May 2024 Wednesday

തൃശ്ശൂർ വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണിക‌ളോട് ക്രൂരത, മൃഗങ്ങളെ പട്ടിണിക്കിട്ട് സമരം

ckmnews

തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. ഫാമിലെ നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികൾ നിർത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലെ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. 


ഈ മാസം ആദ്യം പാൽപാത്രം നീക്കിവയ്ക്കാൻ ഒരു ജീവനക്കാരനോട് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. വിസമ്മതിച്ച ജീവനക്കാരനെ സ്ഥലംമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാല് ദിവസങ്ങൾക്ക് ശേഷവും തുടരുന്നത്. മൃഗങ്ങളും പക്ഷികളും പട്ടിണിയിലായതോടെ, വിദ്യാർഥികളെ ജോലിയേൽപ്പിച്ചിരിക്കുകയാണ് സർവകലാശാല. ഒന്നും രണ്ടും ബിരുദ വിദ്യാർത്ഥികളെയാണ് പരിചരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.