26 April 2024 Friday

'വന്നല്ലോ വനമാല' പരസ്യം ഒരുക്കിയ സംവിധായകൻ കെ.എൻ ശശിധരൻ അന്തരിച്ചു

ckmnews

തൃശൂർ: സിനിമാ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.


ചാവക്കാട് സ്വദേശിയായ കെ എൻ. ശശിധരൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കി. പി.കെ. നന്ദനവർമ്മയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കി 'അക്കരെ' എന്ന പേരിൽത്തന്നെ ആദ്യചിത്രം, തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിർമാണവും ശശിധരൻ ആയിരുന്നു. കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.


കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. 'വന്നല്ലോ വനമാല' എന്ന പരസ്യത്തിൽ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.