09 May 2024 Thursday

'ദിലീപിനെ രക്ഷിക്കാന്‍ ശ്രമം', ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയെന്ന് ബാലചന്ദ്രകുമാര്‍

ckmnews

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്‍റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.


നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ  എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഡലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.