27 April 2024 Saturday

പെരുന്നാൾ മാർക്കറ്റ് ലക്ഷ്യം വെച്ച് കണ്ടെയ്നറിൽ കൊണ്ട് വരുന്നതിനിടെ ചത്ത പോത്തുക്കളെ തൊലിയുരിച്ച് ഇറച്ചിയാക്കി വില്പന നടത്താൻ ശ്രമിച്ച സംഭവം 6 പോത്തുകൾ കൂടി വീണ്ടും ചത്തു:ഫാം ഉടമക്ക് എട്ടര ലക്ഷം രൂപയുടെ നഷ്ടം

ckmnews

പെരുന്നാൾ മാർക്കറ്റ് ലക്ഷ്യം വെച്ച് കണ്ടെയ്നറിൽ കൊണ്ട് വരുന്നതിനിടെ ചത്ത പോത്തുക്കളെ തൊലിയുരിച്ച് ഇറച്ചിയാക്കി വില്പന നടത്താൻ ശ്രമിച്ച സംഭവം


6 പോത്തുകൾ കൂടി വീണ്ടും ചത്തു:ഫാം ഉടമക്ക് എട്ടര ലക്ഷം രൂപയുടെ നഷ്ടം


തിരൂർ:ഹരിയാനയില്‍ നിന്ന് തിരൂർ ആലത്തിയൂരിലെ ഫാമിലെത്തിച്ച 26 പോത്തുകളില്‍ ആറെണ്ണം കൂടി ചത്തു. ഇതോടെ ആലത്തിയൂരിലെ ഫാമില്‍ ചത്ത പോത്തുകളുടെ എണ്ണം ഒമ്പതായി.കണ്ടെയ്നറില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ചത്ത മൂന്ന് പോത്തുകളെ വെള്ളിയാഴ്ച വൈകീട്ട് അറുത്ത് വില്‍ക്കാനുള്ള ശ്രമം നാട്ടുകാരും അധികൃതരും തടഞ്ഞിരുന്നു.അധികൃതര്‍ ഇടപെട്ട് കശാപ്പ് ചെയ്ത പോത്തുകളെ ഉപയോഗിക്കാന്‍ കഴിയാത്ത വിധം ഡീസല്‍ ഒഴിപ്പിച്ച്‌ ഫാം ഉടമയുടെ ഭൂമിയില്‍ മണ്ണുമാന്തിയുടെ സഹായത്തോടെ വലിയ കുഴിയെടുത്താണ് അടക്കം ചെയ്യിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ തന്നെ ഫാമില്‍ വെച്ച്‌ ഒരു പോത്തും കൂടി ചത്തിരുന്നു. ശനിയാഴ്ച ഉച്ചയായപ്പോഴേക്കും അഞ്ചെണ്ണം കൂടി ചത്തു.ജെ.സി.ബിയുടെ സഹായത്തോടെയാണ് ഫാമില്‍ വെച്ച്‌ ചത്തവയെ വാഹനത്തിലേക്ക് മാറ്റിയത്.വീണ്ടും ചത്ത പോത്തുകളെ ഫാമിന്‍റെ ഉടമസ്ഥന്‍റെ ഭൂമിയിലാണ് കുഴിച്ചിട്ടത്. ആലത്തിയൂര്‍ വെള്ളോട്ട് പാലത്തിന് സമീപം പുതുള്ളി സ്വദേശിയാണ് ഫാം നടത്തുന്നത്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ ഹരിയാനയില്‍ നിന്നു കന്നുകാലികളെ ഇറക്കുമതി ചെയ്തത്.ഏകദേശം ആറു ദിവസമാണ് ഹരിയാനയില്‍ നിന്നു കേരളത്തിലേക്ക് കണ്ടെയ്നര്‍ വഴി നാല്‍ക്കാലികളെ കൊണ്ടുവരാനെടുക്കുന്ന സമയം. വഴിയില്‍ കന്നുകാലികള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കാനായി ധാരാളം പോയിന്‍റുകളുമുണ്ട്.കണ്ടെയ്നറിന്‍റെ ഗിയര്‍ ബോക്സിന്‍റെ തകരാര്‍ മൂലം പതുക്കെ ഓടിയെത്തിയതിനാല്‍ നേരത്തെ കണക്കാക്കിയ സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം വൈകിയാണ് എത്തിയത്.കുത്തിനിറച്ച്‌ കൊണ്ടുവന്നതിനാല്‍ മിക്ക പോത്തുകള്‍ക്കും മുറിവുകളുണ്ട്.ബാക്കിയുള്ളവയെ ഫാമിലേക്ക് മാറ്റിയ ശേഷമാണ് ചത്തവയെ അറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കണ്ടെത്തി അധികൃതര്‍ പിടികൂടിയത്.വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തതിന് ശേഷം അമിത വേഗതയില്‍ കണ്ടെയ്നര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.കുറ്റിപ്പുറത്ത് നിന്നു കണ്ടെയ്നറിലെ മറ്റൊരു ഡ്രൈവറാണ് വണ്ടി ആലത്തിയൂരിലെത്തിച്ചത്. ഒരു പോത്തിന് 80000-90000 രൂപ വരെ വില വരും. എട്ടര ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.ആലത്തിയൂരിലെ അനധികൃത ഫാം നാളെ ഒഴിപ്പിക്കാനവശ്യമായ നോട്ടീസ് നല്‍കുമെന്ന് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു