09 May 2024 Thursday

പത്രസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന ഭീഷണി ഇവിടെ ആദ്യം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

ckmnews

പത്രസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന ഭീഷണി ഇവിടെ ആദ്യം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി


തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐക്കാരല്ലെന്നും വിഡിയോ ദൃശ്യങ്ങളിൽ അതു വ്യക്തമാണെന്നു പറഞ്ഞ മാധ്യമപ്രവർത്തകനോടു പത്രസമ്മേളനത്തിനിടെ  പ്രതിപക്ഷനേതാവ് കയർത്തതിനെ ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്നു ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഇവിടെ ആദ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


സംസാരിക്കുന്ന ആളുകളുടെ ഇഷ്‌ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി നമ്മൾ കണ്ടതാണ്. പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിനു പിന്നാലെ ചില കൈകൾ അറുത്തുമാറ്റുമെന്നു പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും കേരളം കണ്ടു. മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എനിക്കു സുഖിക്കുന്ന ചോദ്യങ്ങൾ ആകില്ലല്ലോ സ്വഭാവികമായി പത്രസമ്മേളനത്തിൽ ഉന്നയിക്കപ്പെടുക. എനിക്കു പ്രതികരിക്കാതിരിക്കാം. എന്നാൽ ചോദ്യങ്ങളെ ഭയപ്പെടുന്ന രീതി ഉണ്ടാകരുതെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 


‌‘അസംബന്ധങ്ങൾ ഉന്നയിക്കരുത്, ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോടു ചോദിച്ചാൽ മതി. ഇക്കണക്കിന് എംപി ഓഫിസ് ആക്രമിച്ചത് കോൺഗ്രസുകാരാണെന്നു നിങ്ങൾ പറയുമോ? ഇതൊരു വൈകാരിക പ്രശ്നമാണ്. വാർത്താ സമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടെയും ദേശാഭിമാനിയുടെയും ലേഖകനായി ഇവിടെ ഇരുന്നാൽ, ഞാൻ മര്യാദ കാണിക്കുന്നതുകൊണ്ടാണു നിങ്ങൾ ഇവിടെയിരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കിവിടും’– എന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് വി.ഡി. സതീശൻ പ്രതികരിച്ചത്. 


ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ എസ്എഫ്ഐക്കാർ ചിത്രം വലിച്ചു താഴെയിട്ടുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, എസ്എഫ്ഐക്കാർ മടങ്ങുന്നതുവരെ രാഷ്ട്രപിതാവിന്റെ ചിത്രം ചുമരിൽത്തന്നെയുണ്ടായിരുന്നുവെന്നും പിന്നീട് കോൺഗ്രസുകാർ തന്നെയാണു ചിത്രം നശിപ്പിച്ച് വിദ്യാർഥിസംഘടനാ പ്രവർത്തകരുടെ മേൽ കുറ്റം ചാരാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. കസേരയിൽ വാഴവച്ചതു കാണുന്ന ദൃശ്യത്തിൽ ഗാന്ധിചിത്രം വീണിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, പല സംഘങ്ങളായാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫിസിലെത്തി അക്രമം നടത്തിയതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.