26 April 2024 Friday

പൊലീസ് കോൺഗ്രസിന്റെ പണിയെടുത്താൽ പ്രതിരോധിക്കും: വെല്ലുവിളിച്ച് അവിഷിത്ത്

ckmnews

പൊലീസ് കോൺഗ്രസിന്റെ പണിയെടുത്താൽ പ്രതിരോധിക്കും: വെല്ലുവിളിച്ച് അവിഷിത്ത്


കൽപറ്റ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പൊലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ നേതാവ് കെ.ആർ. അവിഷിത്ത്. ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ, കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.


വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിനു വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്– അവിഷിത്ത് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ളയാളാണ് അവിഷിത്ത്. ഇയാളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.



ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


എസ്എഫ്ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം എസ്എഫ്ഐക്ക് അതിൽ ഇടപെടാൻ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട്. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്. സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ.


ഇപ്പോൾ വയനാട് എംപി വീണ്ടും മൂന്നു ദിവസത്തെ സന്ദർശനത്തിനു വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാമെന്നു കരുതിയിട്ടുണ്ടെങ്കിൽ, കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും.