26 April 2024 Friday

രാഹുല്‍ വയനാട്ടിലേക്ക്; വന്‍സ്വീകരണം ഒരുക്കും: ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി

ckmnews

രാഹുല്‍ വയനാട്ടിലേക്ക്; വന്‍സ്വീകരണം ഒരുക്കും: ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി 


കൽപ്പറ്റ∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ  എംപി ഓഫിസിന് നേരെയുള്ള  അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 

എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് അറസ്റ്റു ചെയ്തത്. കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അക്രമം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.



അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അല്ലെങ്കില്‍ ആക്രമണം പൊലീസ് നോക്കിനില്‍ക്കില്ല, മാര്‍ച്ച് തടയാതിരിക്കില്ല. ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കിനിന്നത് എന്തുകൊണ്ടാണ്. എസ്എഫ്ഐക്കാര്‍ ഗാന്ധിജിയുടെ ഫോട്ടോയും വെറുതെവിട്ടില്ല, ഇത് ആര്‍എസ്എസ് രീതിയെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.


കുട്ടികളെകൊണ്ട് ചുടുചോറ് വാരിക്കുന്ന നടപടിയാണ് സിപിഎമ്മിന്‍റേത്. എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. തള്ളിപ്പറയുകയല്ല വേണ്ടത്, നടപടിയാണ് ആവശ്യം, അത് ഉണ്ടാകുന്നില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.


വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത എസ്ഐഫ് ഐ പ്രതിഷേധം പാര്‍ട്ടി അറിഞ്ഞില്ലെന്ന് വയനാട് എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സി.കെ.ശശീന്ദ്രന്‍ പറഞ്ഞു