26 April 2024 Friday

നല്ല കാര്യത്തിന് രാഷ്ട്രീയനിറം നൽകുന്നത് ഇന്ത്യയുടെ ദുര്യോഗം: പ്രതികരിച്ച് മോദി

ckmnews

നല്ല കാര്യത്തിന് രാഷ്ട്രീയനിറം നൽകുന്നത് ഇന്ത്യയുടെ ദുര്യോഗം: പ്രതികരിച്ച് മോദി


ന്യൂഡൽഹി:കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യമാകെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയനിറം നൽകുന്നതു നമ്മുടെ രാജ്യത്തിന്റെ ദുര്യോഗമാണെന്നു മോദി പറഞ്ഞു. അഗ്നിപഥിനെതിരായ സമരം കൂടുതൽ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


‘സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങൾക്കു രാഷ്ട്രീയനിറം പകരുന്നതാണു നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം’– പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു. അഗ്നിപഥ് സമരം നേരിട്ടു പരാമർശിക്കാതെയായിരുന്നു മോദിയുടെ വാക്കുകൾ. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ പ്രസ്താവന പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ 8 വർഷത്തിനിടെ ഡൽഹി മെട്രോ സർവീസിന്റെ ദൈർഘ്യം 193 കിലോമീറ്ററിൽനിന്ന് 400 കിലോമീറ്ററാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്നു സേനാധിപന്‍മാരുടെയും യോഗം വിളിച്ചു. അഗ്നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ ഈ പദ്ധതി ആവശ്യമാണെന്നും സൈനിക വകുപ്പ്‌ അഡീഷണൽ സെക്രട്ടറി ലഫ്‌. ജനറൽ അനിൽ പുരി പറഞ്ഞു.