09 May 2024 Thursday

കപ്പലിനുള്ളിലും കള്ളൻ! ആർഡിഒ കോടതിയിൽ നിന്ന് ആകെ പോയത് 139 പവൻ! പകരം മുക്കുപണ്ടം

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന. തൊണ്ടിമുതലായി സൂക്ഷിച്ചവയിൽ നിന്ന് 139 പവൻ ആകെ മോഷണം പോയതായി ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ നിന്ന് മാത്രം കണ്ടെത്തി. മിനിഞ്ഞാന്ന് നടത്തിയ പരിശോധനയിൽ 72 പവൻ മോഷണം പോയതായി സബ് കളക്ടർ എം എസ് മാധവിക്കുട്ടി കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് 67 പവൻ കൂടി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ 67 പവനിൽ 30 പവൻ മുക്കുപണ്ടമാണ്. 


വിചാരിച്ചതിലുമപ്പുറത്താണ് തിരുവനന്തപുരം ആർഡിഒ കോടതിയിലെ മോഷണം. കോടതിയിലെ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പ്രത്യേക സംഘം വ്യക്തമാക്കുന്നത്. കേസ് അന്വേഷിക്കാനായി പ്രത്യേക വിജിലൻസ് സംഘം രൂപീകരിക്കണമെന്നും അവർക്ക് കേസ് അടിയന്തരമായി കൈമാറണമെന്നും പേരൂർക്കട എസ്എച്ച്ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് സാധാരണ ഒരു പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതല്ല എന്നും, കേസിന്‍റെ അന്വേഷണപരിധി വലുതാണെന്നുമാണ് പേരൂർക്കട പൊലീസ് കത്തിൽ വ്യക്തമാക്കുന്നത്.