26 April 2024 Friday

സന്തോഷ് ട്രോഫി: ഫൈനലിൽ ടിക്കറ്റുണ്ടായിട്ടും കളി കാണാൻ കഴിയാത്തവർക്ക് തുക തിരികെ നൽകണമെന്ന് വേറിട്ട പരാതി

ckmnews

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനലിൽ ടിക്കറ്റുണ്ടായിട്ടും കളി കാണാൻ കഴിയാത്തവർക്ക് തുക തിരികെ നൽകണമെന്ന് കലക്ടറുടെ പരാതിപ്പെട്ടിയിൽ പരാതി. അഴിമതി നിരോധന കമ്മിറ്റി മലപ്പുറം കലക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പരാതി ലഭിച്ചത്. ആകെ ലഭിച്ച അഞ്ച് പരാതികളില്‍  ഒന്നായിരുന്നു ഇത്. 


സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ലഭിച്ചിട്ടും  മടങ്ങിപോകേണ്ടി വന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകണമെന്ന പരാതി ഉചിതമായ നടപടിക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. മെയ് രണ്ടിന് നടന്ന സന്തോഷ്‌ട്രോഫി ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത പലർക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നൽകിയിരുന്നില്ല. എട്ട് മണിക്കുള്ള കളിക്ക് ആറ് മണിക്ക് തന്നെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. 7.30ന് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിക്കുമെന്നാണ് അധികൃതർ അറിയിപ്പ് നൽകിയിരുന്നത്. ഓൺലൈനായും സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റെടുത്തവരാണ് പുറത്താക്കപ്പെട്ടത്. ദൂരെ ദിക്കുകളിൽ നിന്നും പയ്യനാട്ടേക്കെത്തിയ പലർക്കും ബംഗാളുമായുള്ള ആവേശ മത്സരം കാണാനാകാതെ പുറത്തിരിക്കേണ്ടി വന്നിരുന്നു. സംഭവം വിവാദമാകുകയും ചെയ്തിരുന്നു. ഫൈനൽ മത്സരത്തിന് നട്ടുച്ചക്ക് വരി നിന്നാണ് ഫുട്‌ബോൾ പ്രേമികൾ ടിക്കറ്റ് കൈവശപ്പെടുത്തിയിരുന്നത്.