27 April 2024 Saturday

ഇന്ധന വില കുറച്ച് കേന്ദ്രവും കേരളവും ; പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപ കേന്ദ്രവും പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപ കേരളവും കുറച്ചു

ckmnews

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതൽ നിലവിൽ വരും.


രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വർധന കൂടിയായതോടെ സർക്കാറിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്.


പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിർത്തിയ സബ്‌സിഡിയാണ് ഇപ്പോൾ ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് മാത്രമായി പുനഃസ്ഥാപിച്ചത്.  നികുതി കുറയ്ക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. നേരത്തെ കേന്ദ്രസർക്കാർ ഇന്ധനനികുതിയിൽ കുറവ് വരുത്തിയപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളമടക്കം ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നില്ല. തങ്ങൾ നികുതി കൂട്ടിയിട്ടില്ല എന്നായിരുന്നു കേരളത്തിന്റെ വാദം.


കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.