08 May 2024 Wednesday

‘ടയർ പഞ്ചറാണ്, വാഹനം നിർത്തൂ’; കാർ യാത്രികനെ തെറ്റിധരിപ്പിച്ച ശേഷം മർദ്ദനം, പണവും സ്വർണവും കവർന്നു

ckmnews

കാർ യാത്രികനെ മർദിച്ച് പണവും സ്വർണവും മോഷ്ടിച്ച പ്രതികളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടി. പനവൂർ സ്വദേശികളായ റാഷിദ്‌ (42), നാസിം (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കും കര സ്വദേശി മോഹന പണിക്കരെയാണ് അഞ്ചംഗ സംഘം ആക്രമിച്ച് പണവും സ്വർണവും കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ആനാട് കിഴക്കും കരയ്ക്ക് സമീപത്താണ് സംഭവം നടന്നത്.


ഇന്നോവ കാറിലെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. മോഹന പണിക്കരുടെ വാഹനത്തിനെ ക്രോസ് ചെയ്‌ത് നിർത്തുകയും വാഹനത്തിന്‍റെ ടയർ പഞ്ചർ ആണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്ത ശേഷമാണ് ആക്രമണം നടത്തിയത്. ടയർ പഞ്ചർ ആയെന്ന് കരുതി വാഹനത്തിന് പുറത്തിറങ്ങിയ കാർ യാത്രികനെ സംഘം അപ്രതീക്ഷിതമായി മർദിക്കുകയായിരുന്നു. തുടർന്ന് മോഹന പണിക്കരിൽ നിന്ന് മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന പേഴ്‌സും സംഘം കവർന്നു.


മോഹന പണിക്കർ നൽകിയ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ കസ്റ്റഡിയിലായത്. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഘത്തിലെ മറ്റ് മൂന്ന് പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും വെഞ്ഞാറമൂട് സി.ഐ സൈജു നാഥ്‌ അറിയിച്ചു.