26 April 2024 Friday

വിലക്കയറ്റം : ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ckmnews

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഗോതമ്പു കയറ്റുമതി അടിയന്തരമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം.വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍പ്പക്കത്തെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തെത്തിയ ഡി.ജി.എഫ്.ടി. വിജ്ഞാപനത്തില്‍ പറയുന്നു.


ചൈനയ്ക്കു തൊട്ടുപിന്നില്‍, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. എന്നിട്ടും ഏപ്രില്‍മാസത്തില്‍ ആശങ്കയുളവാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഗോതമ്പുവില കുതിച്ചുയര്‍ന്നത്. പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്.അതേസമയം ഗോതമ്പു കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഡി.ജി.എഫ്.ടി. വിജ്ഞാപനം പുറത്തുവരുന്നതിന് മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ച ഇടപാടുകള്‍, മറ്റ് രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമുള്ളത് എന്നിവയ്ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.


മാര്‍ച്ചില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് വലിയതോതില്‍ ഗോതമ്പ് കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോതമ്പു കയറ്റുമതി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. മാത്രമല്ല, ഏപ്രില്‍മാസത്തില്‍ 7.79 ശതമാനമായി ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താനുള്ള സമ്മര്‍ദവും സര്‍ക്കാര്‍ നേരിടുന്നുണ്ട്.