26 April 2024 Friday

താജ്‌മഹലിലെ 20 മുറികൾ തുറന്നുപരിശോധിക്കണമെന്ന ഹർജി; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ckmnews

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ തുറന്നുപരിശോധിക്കണമെന്ന ഹർജിയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. താജ്‌മഹലിൽ മുദ്ര വച്ച് പൂട്ടിയിരിക്കുന്ന 20 മുറികൾ തുറന്നുപരിശോധിക്കണമെന്ന ഹർജിയിലാണ് ബിജെപി നേതാവ് ഡോ. രജ്നീത് സിംഗിനെ കോടതി വിമർശിച്ചത്. കോടതിയിലല്ല, സ്വീകരണ മുറിയിൽ സംവാദം നടത്തേണ്ട കാര്യങ്ങളാണ് ഇതെന്ന് ജസ്റ്റിസ് ഡികെ ഉപാധ്യായ പറഞ്ഞു.


ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിംഗാണ് റിട്ട് ഹർജിയുമായി ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചത്. ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 20 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും അത് കാണാൻ കഴിയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രജനീഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റാം പ്രകാശ് ശുക്ല, രുദ്ര വിക്രം സിംഗ് തുടങ്ങിയ തന്റെ അഭിഭാഷകർ വഴിയാണ് രജനീഷ് ഹർജി സമർപ്പിച്ചത്.


താജ് മഹൽ, ഫത്തേപൂർ സിക്രി, ആഗ്ര ഫോർട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങൾക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിൻബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആൻഷ്യന്റ് മോനുമെന്റ്‌സ് ആന്റ് ആർക്കിയോളജിക്കൽ സൈറ്റ്‌സ് ആന്റ് റിമൈൻസിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് താജ് മഹൽ.