26 April 2024 Friday

വിവാദങ്ങൾ വലച്ചില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം

ckmnews

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് ഏഴ് ദിവസം കൊണ്ട് ലഭിച്ചത് 35,38,291ലക്ഷം കളക്ഷൻ. സർവീസ് ആരംഭിച്ച 11 മുതൽ 17 വരെയുളള കണക്കുകളാണ് പുറത്തുവന്നത്. 78,415 കിലോമീറ്ററാണ് ഈ ദിവസങ്ങളിൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തിയത്. ബെം​ഗളൂരിവിലേക്കുളള സർവീസുകളാണ് കളക്ഷനിൽ ഒന്നാമത്.


ഇന്നലെ ലഭിച്ച കണക്ക് ക്രോഡീകരിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകളുടെ സർവീസുകൾ ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ചു മാത്രമെ പറയാൻ സാധിക്കുവെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്ക് നൽകിയിരിക്കുന്നത്.


മൾട്ടി ആക്സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. സർക്കാറിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകൾ നിരത്തിലിറക്കാനാണ് സ്വിഫ്റ്റിന്റെ തീരുമാനം. ഏപ്രിലിൽ 100 ബസുകളും പുറത്തിറക്കുമെന്നാണ് സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രൻ പറയുന്നത്. വോൾവോയുടെ 8 എസി സ്ലീപ്പർ ബസുകളും 20 എസി സെമി സ്ലീപ്പർ ബസുകളും 72 നോൺ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്.


കണിയാപുരത്ത് നിന്നും തിരുവനന്തപുരം, നാ​ഗർകോവിൽ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും പാലക്കാട് ,സേലം വഴി ബെംഗളൂരുവിൽ എത്തുന്നതിനേക്കാൾ 4 മണിക്കൂറോളം സമയലാഭം ഈ സർവീസിനു ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്കാണ് ഈ സർവീസ് ആരംഭിക്കുന്നത്.


വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെയാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ മികച്ച കളക്ഷൻ എന്നത് ശ്രദ്ധേയമാണ്. ആദ്യ സർവീസിൽ തന്നെ ബസ് അപകടത്തിൽപ്പെട്ടതും, തൃശൂരിൽ തമിഴ്നാട് സ്വദേശിയുടെ മരണത്തിന് കാരണമായ അപകടവുമെല്ലാം നിരവധി വിമർശനങ്ങളുയർത്തുന്നതിന് കാരണമായിരുന്നു. കെ സ്വിഫ്റ്റിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കും സോഷ്യല്‍മീഡിയ വഴി ബുദ്ധിമുട്ടിപ്പിച്ചവരോടും നന്ദിയുണ്ടെന്നായിരുന്നു ഇതിനെതിരെയുളള കെഎസ്ആര്‍ടിസിയുടെ പ്രതികരണം.


ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ് വ്യാജപ്രചരണങ്ങളിലൂടെ സാധിച്ചതെന്ന് കെഎസ്ആര്‍ടിസി പറഞ്ഞിരുന്നു. വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനമെന്നും സ്വിഫ്റ്റ് ബസ് അപകടങ്ങളെക്കുറിച്ച് കെഎസ്ആര്‍ടിസി വ്യക്തമാക്കി.