26 April 2024 Friday

ഹെലികോപ്ടറിൽനിന്ന് കൈവിട്ട് താഴേക്ക്; റോപ്‌വേ അപകടത്തിൽ മരണം 3 ആയി . 20 ഓളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു :

ckmnews

റാഞ്ചി ∙ ജാർഖണ്ഡിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിൽ റോപ്‌വേയിൽ കേബിൾ കാർ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഒരാൾ കൂടി മരിച്ചത്.



സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. 27 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. 20 പേർകൂടി കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവർത്തനം രാത്രിയായതോടെ നിർത്തിവച്ചു.


കുടുങ്ങിക്കിടക്കുന്നവർക്ക് ഡ്രോണുകളുടെ സഹായത്തോടെ ഭക്ഷണവും വെള്ളവും എത്തിച്ചെന്ന് എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ വിനയ് കുമാർ സിങ് പറഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലരയോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.


റോപ്‌വെ മാനേജരും ഓപ്പറേറ്റർമാരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. സംഭവത്തിനുശേഷം ഇവർ ഒളിവിലാണ്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും എല്ലാവരെയും രക്ഷിക്കാൻ സാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര പറഞ്ഞു.