26 April 2024 Friday

മൂവാറ്റുപുഴയിൽ കുട്ടികളെ പുറത്താക്കി വീട് ജപ്തി; അർബൻ ബാങ്ക് സിഇഒ രാജിവച്ചു

ckmnews

മൂവാറ്റുപുഴയിൽ കുട്ടികളെ പുറത്താക്കി വീട് ജപ്തി; അർബൻ ബാങ്ക് സിഇഒ രാജിവച്ചു


കൊച്ചി∙ മാതാപിതാക്കൾ ഇല്ലാത്ത സമയത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പുറത്താക്കി വീടു ജപ്തി ചെയ്ത സംഭവത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ. പീറ്റർ രാജിവച്ചു. ചെയർമാനു രാജിക്കത്തു നൽകിയ വിവരം ജോസ് കെ. പീറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ബാങ്ക് സിഇഒയുടെ രാജി.കുറ്റക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാനാണു താൻ രാജി വയ്ക്കുന്നതെന്നു ജോസ് കെ. പീറ്റർ പ്രതികരിച്ചു. രാജിയെക്കുറിച്ചു ഞായറാഴ്ച മുതൽ ആലോചിക്കുന്നുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ബാങ്കിനെയും ചെയർമാനെയും നിശിതമായി വിമർശിക്കുന്ന സാഹചര്യത്തിൽ സീറ്റിൽ ഇരിക്കുന്നതു ശരിയല്ല എന്നു തോന്നിയതിനാലാണു രാജിയെന്നും ജോസ് വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ച വന്നു എന്ന ആരോപണത്തിൽ അവരോടു വിശദീകരണം തേടിയിട്ടുണ്ട്. കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ആരും കുറ്റക്കാരാണെന്നു കരുതുന്നില്ല. അന്വേഷിച്ചു റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ കൃത്യമായി എന്തെങ്കിലും പറയാനാകൂ. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി മന്ത്രി അറിയിച്ചെങ്കിലും ഉത്തരവു ലഭിച്ചിട്ടില്ല. താനും മന്ത്രിയുമായി ബന്ധമില്ലെന്നും ജോസ് കെ. പീറ്റർ വ്യക്തമാക്കി.


ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി എടുക്കേണ്ടി വരുന്നത് ഒഴിവാക്കാനാണു രാജി. ഈ വിഷയത്തിൽ തന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.