09 May 2024 Thursday

പണിമുടക്ക് രണ്ടാം ദിനം:കേരളത്തിൽ ഡയസ്നോൺ തള്ളി സംഘടനകൾ

ckmnews

പണിമുടക്ക് രണ്ടാം ദിനം:കേരളത്തിൽ ഡയസ്നോൺ തള്ളി സംഘടനകൾ


ദില്ലി/തിരുവനന്തപുരം:രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു.വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.പശ്ചിമബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കുന്നതിൽ ഇന്നും വിലക്ക് ഉണ്ട്.ബാങ്കിങ്.ഇൻഷുറൻസ്, കൽക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളിൽ ഒരു വിഭാഗം ജീവനക്കാർ ഇന്നും പണിമുടക്കിൽ  തന്നെയാണ് . വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.അതേസമയം കേരളത്തിൽ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തുമോ എന്നാണ് അറിയേണ്ടത്.ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. ഇന്നലെ പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ക്കെത്തിയവര്‍ക്കെതിരെയും തുറന്ന കടകള്‍ക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു.ഇന്ന് സമാനരീതിയില്‍ സമരക്കാര്‍ പ്രതികരിക്കുമോ എന്നും അറിയേണ്ടതുണ്ട്.പലയിടത്തും സംയുക്ത യൂണിയനുകളുടെ പ്രതിഷേധ പ്രകടനവും ഉണ്ട്



സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ തടയേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ആവശ്യമെങ്കിൽ വാഹനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ശമ്പളം വാങ്ങി അവധിയെടുത്ത് സർക്കാർ ജീവനക്കാർ പണിമുടക്കുന്നതും നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.അതേസമയം ഇന്നും പണിമുടക്കുമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരിൽ ഇന്നലെ ജോലിക്കെത്തിയത് 32 പേർ മാത്രമാണ്.രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകൽ സംസ്ഥാനത്ത് ഹർത്താലായി മാറിയിരുന്നു.പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.


ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് സംരക്ഷണം ഒരുക്കി