26 April 2024 Friday

ഇന്ധനവില ഇന്നും കൂട്ടി; ആറു ദിവസം കൊണ്ട് പെട്രോളിന് കൂടിയത് നാലു രൂപ

ckmnews

ഇന്ധനവില ഇന്നും കൂട്ടി; ആറു ദിവസം കൊണ്ട് പെട്രോളിന് കൂടിയത് നാലു രൂപ


രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു ദിവസം കൊണ്ട് പെട്രോളിന് നാലു രൂപയും ഡീസലിന് മൂന്നു രൂപ 88 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.05 രൂപയും ഡീസലിന് 97.11 രൂപയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 108.50 രൂപയും ഡീസലിന് 95.66 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.02 രൂപയും ഡീസലിന് 95.03 രൂപയുമാണ് വില.

യുക്രൈൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇന്ത്യയിലും വിലവർധന തുടരുമെന്നാണ് റിപ്പോർട്ട്. ഇന്ധനവില സ്ഥിരമായി നിർത്തിയ കാലത്ത് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് 19,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മൂഡീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

നാലര മാസത്തോളമായി നിർത്തിവെച്ചിരുന്ന ഇന്ധനവില കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് വിലവർധന നിർത്തിവെച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.