26 April 2024 Friday

യാത്രാക്കൂലി മിനിമം 12 രൂപ വേണം, സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിന്

ckmnews

തൃശ്ശൂർ: ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. 

നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും - ഫെഡറേഷൻ വ്യക്തമാക്കി.

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള  സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷൻ പറയുന്നത്.

ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. 

അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.