09 May 2024 Thursday

മരച്ചീനി മദ്യമുണ്ടാക്കാൻ വേറെ നിയമനിർമാണം വേണ്ട, ഗവേഷണം ഉടൻ: എക്സൈസ് മന്ത്രി

ckmnews

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകാൻ വേറെ നിയമനിർമാണം ആവശ്യമില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുന്നതായി ഇന്നലെ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 

ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകും. മരച്ചീനികൃഷി വളരെ വലിയ രീതിയിൽ വിപുലീകരിക്കപ്പെടും - മന്ത്രി വ്യക്തമാക്കി. 

പഴവർഗ്ഗങ്ങളും മറ്റ് കാർഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികൾ തുടങ്ങുമെന്നാണ് ഇന്നലെ ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. ഇതിൽ ആദ്യഘട്ടത്തിലാണ് മരച്ചീനിയിൽ നിന്ന് എഥനോൾ നിർമിക്കാൻ ഗവേഷണം നടത്തുന്നത്. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടൻ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികൾ പൂർത്തിയാക്കാനാകും - മന്ത്രി പറയുന്നു.