08 May 2024 Wednesday

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം;ഓർമ ദിനത്തിൽ ആർ.ടി.ഒയുടെ ബോധവത്കരണം

ckmnews

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം;ഓർമ ദിനത്തിൽ ആർ.ടി.ഒയുടെ ബോധവത്കരണം


തിരൂരങ്ങാടി: 44 പേരുടെ ജീവനെടുത്ത പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഃഖത്തി‍െൻറയും ഓര്‍മ പുതുക്കുന്നതി‍െൻറ ഭാഗമായി ജില്ല മോട്ടോർ വാഹന വകുപ്പ് ദുരന്ത സ്ഥലത്ത് ബോധവത്കരണം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തി സുരക്ഷിത യാത്രക്കായി സന്ദേശം നൽകി. ജില്ല മോട്ടോർ വാഹന വകുപ്പ് മേധാവിയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ് ഓഫിസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം സംഘടിപ്പിച്ചത്.

2001 മാര്‍ച്ച് 11നാണ് ഗുരുവായൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ബസ് പൂക്കിപറമ്പിൽവെച്ച് കാറിലിടച്ച് മറിഞ്ഞശേഷം കത്തിയമര്‍ന്നത്. 44 പേര്‍ കത്തിക്കരിഞ്ഞത് മറക്കാനാകാത്ത കാഴ്ചയാണ്. ജില്ല എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ജോയന്‍റ് ആര്‍.ടി.ഒ എം.പി. അബ്ദുൽ സുബൈർ അധ്യക്ഷത വഹിച്ചു.


സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. റോഡ് സുരക്ഷ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. ആശ്രദ്ധമായ ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എൻഫോഴ്സ്മെന്‍റ് എം.വി.ഐ ഡാനിയൽ ബേബി റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജു മോൻ, സജി തോമസ്, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, വിജീഷ് വാലേരി, സലീഷ് മേലേപ്പാട്ട്, ടി. മുസ്തജാബ്, കെ.ആർ. ഹരിലാൽ എന്നിവർ നേതൃത്വം നൽകി.