09 May 2024 Thursday

10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിക്ക് 15 വര്‍ഷം കഠിന തടവ്

ckmnews

പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും അന്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി. മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബുവാണ് (30) വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്‌സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്. 2016 മേയ്16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ കയറി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി, പ്രതിയെ ചവിട്ടി മാറ്റി ഓടി രക്ഷപ്പെട്ടുവെന്നും പ്രതി പോകുന്നത് അയല്‍ക്കാരി കണ്ടിരുന്നുവെന്നതുമാണ് കേസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിനാണ് അഞ്ചു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. ഇതിന് പുറമേ പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവ്, ഭീഷണിപ്പെടുത്തല്‍ നടത്തിയതിന് അഞ്ചു മാസം കഠിനതടവ്, 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവ്, അമ്പതിനായിരം രൂപ പിഴ തുക എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.പിഴത്തുകയില്‍ ഇരുപത്തി അയ്യായിരം രൂപ കുട്ടിക്ക് നല്‍കണണമെന്നും, തുക കെട്ടിവയ്ക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്നകാലം ശിക്ഷ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിയിലുണ്ട്.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതില്‍ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. അയിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എസ്.ഐ ബി.എസ്. സജിമോന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും പത്തൊന്‍പത് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം. മുഹ്‌സിന്‍ ഹാജരായി.