09 May 2024 Thursday

'ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2022'; കൈറ്റിൻറെ ഓൺലൈൻ പ്ലാറ്റ്ഫോമിന് ദേശീയ അംഗീകാരം

ckmnews

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ (KITE) കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷന് (കൈറ്റ്) 'ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2022' ദേശീയ പുരസ്‌കാരം ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച 'ക്ലൗഡ്' സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്‌കാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.


കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകൾ നൽകിയതിന്റെ തുടർച്ചയായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് സംവദിക്കാൻ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനിൽ കൈറ്റ് സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓൺലൈൻ ക്ലാസുകൾക്ക് അവസരം നൽകുന്നതോടൊപ്പം 'സമഗ്ര' വിഭവ പോർട്ടലും ഫസ്റ്റ്‌ബെൽ പോർട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാൻ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിയ സമാനതകളില്ലാത്ത ഡിജിറ്റൽ ഇടപെടലുകൾക്ക് കൈറ്റിന് ലഭിച്ച അംഗീകാരത്തിൽ പങ്കാളികളായവരേയും കുട്ടികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.


സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും. 2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.


ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക. 


സെലക്ഷൻ സമയക്രമം:

മാർച്ച് 2, 3 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കണ്ണൂർ പോലീസ് സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്കായി 4, 5 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്കായി 7, 8 തീയതികളിൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കായി 9, 10 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്ക് 11, 12 തീയതികളിൽ കോട്ടയം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് 14, 15 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും.


അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ എന്നീ കായികയിനങ്ങളിൽ ജില്ലാതല സെലക്ഷൻ നടത്തും. സെലക്ഷൻ സമയക്രമം: മാർച്ച് 2 ന് തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കായി 3 ന് കൊല്ലം എസ്.എൻ കോളേജിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്ക് 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും നടത്തും.


കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികൾക്ക് 5 ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്ക് 7 ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് 8 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തും. കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് 9 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലകളിലെ കുട്ടികൾക്ക് 11 ന് വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് 12 ന് കണ്ണൂർ പോലീസ് സ്റ്റേഡിയത്തിലും കാസർഗോഡ് ജില്ലയിലെ കുട്ടികൾക്ക് 14 ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടത്തും.