09 May 2024 Thursday

സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു; ഉടൻ നിയമനം റദ്ദാക്കാൻ തീരുമാനം

ckmnews

സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു; ഉടൻ നിയമനം റദ്ദാക്കാൻ തീരുമാനം


തൊടുപുഴ/ന്യൂഡൽഹി ∙  സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനം. സ്വപ്ന സുരേഷിനു ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആർഡിഎസ്) കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു. നിയമനം ബോർഡ് റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയാൽ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആർഎസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. താനുൾപ്പെടെയുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ മാറ്റി ‘ഡമ്മി’ ബോർഡിന്റെ വിവരങ്ങൾ അജി കൃഷ്ണൻ എച്ച്ആർഡിഎസ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള റജിസ്ട്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ  പറഞ്ഞു. അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്നും ആത്മഹത്യയുടെ വക്കിൽനിന്നു പുതിയ ജോലി ലഭിച്ചതു വലിയ കാര്യമാണെന്നും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാകും തുടർന്നുള്ള പ്രവർത്തനമെന്നും സ്വപ്ന പറഞ്ഞു. തെറ്റു ചെയ്യാതെ ജയിലിലെത്തിയ സ്ത്രീകൾക്കുവേണ്ടി തനിക്കു പ്രവർത്തിക്കാനാവും. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ പരിഗണിച്ചാണ് സ്ഥാപനം ജോലി നൽകിയതെന്നും സ്വപ്ന പ്രതികരിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.