26 April 2024 Friday

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകൾ വാങ്ങാൻ അഗ്നിശമന സേന; ആകെ ചെലവ് 2.24 കോടി

ckmnews



ദുരന്ത സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ അഗ്നിശമനസേന ഡ്രോണുകൾ വാങ്ങുന്നു. ഡ്രോൺ, ആശയവിനിമയത്തിനുള്ള ഉപകരണം ഘടിപ്പിച്ച വാഹനം, രാസവസ്തുക്കൾ–വാതകം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്ന സോഫ്റ്റ്‌‍വെയർ ഉൾപ്പെടുത്തിയ ലാപ്‍ടോപ് എന്നിവയടങ്ങുന്ന യൂണിറ്റിന് 16 ലക്ഷം രൂപയാണ് ചെലവ്. 


ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഒരു യൂണിറ്റ് വീതം നൽകാനാണ് തീരുമാനം. ആകെ ചെലവ് 2.24 കോടി. ഡ്രോൺ വാങ്ങാനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് അഗ്നിശമന സേനയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോണിനായുള്ള ടെൻഡർ വിളിച്ചപ്പോൾ 6 കമ്പനികൾ താൽപര്യം അറിയിച്ചു. ഒരു കമ്പനി മാത്രമാണ് സാങ്കേതിക പരിശോധനയ്ക്കായി ഡ്രോൺ കൊണ്ടുവന്നത്. 2 കമ്പനികൾ സാവകാശം ചോദിച്ചു. മറ്റുള്ള കമ്പനികൾ പ്രതികരിച്ചിട്ടില്ല.

അടുത്തയാഴ്ചയോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഡ്രോണിന് 2500 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. 3 ലക്ഷം രൂപയാണ് ചെലവ്. വാഹനത്തിന്റെ വില 11 ലക്ഷം. ഇൻസിഡന്റ് കമാൻഡ് വെഹിക്കിൾ എന്നാണ് വാഹനത്തിന്റെ പേര്. ദുരന്ത സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം നടത്താൻ ബേസ് സ്റ്റേഷൻ അടക്കം വാഹനത്തിലുണ്ടാകും. വാക്കിടോക്കി ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് സംസാരിക്കാം.

രാസവസ്തു, വാതകം തുടങ്ങിയവയിലൂടെയുള്ള അപകടങ്ങളിൽ ലാപ്ടോപ്പിലെ സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ തുടർനടപടി എടുക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ രീതിയിലുള്ള അപകടങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്കു പരിശീലനം ലഭിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യമാണെങ്കിൽപോലും ലോകനിലവാരത്തിലുള്ള സോഫ്റ്റ്‌‍വെയറിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്താൻ ഇനി കഴിയും. 

വില സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി വാഹനം 20ന് എത്തുമെന്ന് അധികൃതർ പറഞ്ഞു. ഡ്രോണും ലാപ്ടോപ്പും ആശയവിനിമയ ഉപകരണങ്ങളും ലഭിച്ചു കഴിഞ്ഞാൽ മാർച്ചോടെ യൂണിറ്റ് സജ്ജമാക്കി പുറത്തിറക്കാൻ കഴിയും. ഉയരമുള്ള കെട്ടിടങ്ങളിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ടേൺ ടേബിൾ ലാഡർ വാങ്ങാനും ഉത്തരവായി. കഴിഞ്ഞ വർഷം ടെൻഡർ വിളിച്ചെങ്കിലും കമ്പനികളാരും പങ്കെടുത്തിരുന്നില്ല. 60 മീറ്റർ പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഈ ഉപകരണംകൊണ്ടു കഴിയും.