09 May 2024 Thursday

വിടവാങ്ങിയത് വ്യാപാരികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവ്:പടനായകന്റെ വിയോഗത്തിൽ തേങ്ങി വ്യാപാരി സമൂഹം

ckmnews

വിടവാങ്ങിയത് വ്യാപാരികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവ്:പടനായകന്റെ വിയോഗത്തിൽ തേങ്ങി വ്യാപാരി സമൂഹം


31 വര്‍ഷമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമരത്ത്‌ നിന്ന് പോരാടിയ നേതാവിന്റെ വിയോഗത്തിൽ ദുഖം താങ്ങാനാവാതെ വ്യാപാരി സമൂഹം.ടി.നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദരസൂചകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം)യും അറിയിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി.നസറുദ്ദീന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു.ടി നസറുദ്ദീന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത് വ്യാപാരികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവിനെയാണ്. മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ച നസറുദ്ദീന്‍ അവസാന കാലത്തും സമര വേദികളില്‍ സജീവമായിരുന്നു.പിളർന്നിട്ടും സംഘടനയുടെ ഉള്ളിൽനിന്ന് എതിർപ്പുകൾ നേരിട്ടിട്ടും  ഏകോപനസമിതിയുടെ തലപ്പത്ത് അനിഷേധ്യനായി തുടർന്നു. സർക്കാരുകൾക്കെതിരായ ചെറുത്തുനിൽപ്പുകളിലൂടെയും സമരങ്ങളിലൂടെയുമാണ് ഏകോപനസമിതിയെ കേരളത്തിലെ ഏറ്റവുംവലിയ വ്യാപാരി സംഘടനയായി അദ്ദേഹം വളർത്തിയെടുത്തത്. വാണിജ്യനികുതി വകുപ്പിന്റെ പരിശോധനകൾ തടഞ്ഞത് പലപ്പോഴും വിവാദങ്ങൾക്കിടയാക്കിയെങ്കിലും വ്യാപാരികളുടെ താത്പര്യങ്ങൾക്കായിരുന്നു നസിറുദ്ദീൻ പ്രാധാന്യം നൽകിയത്.വ്യാപാരികളെ ബാധിക്കുന്ന ഓരോ വിഷയത്തിലും മുന്നിൽനിന്ന് സമരം നയിച്ചത് നസിറുദ്ദീന്റെ പ്രീതി വർധിപ്പിച്ചു. ഹിന്ദുസ്ഥാൻ ലിവറിന്റെ ഉത്പന്നങ്ങളുടെ ബഹിഷ്കരണവും സിഗരറ്റ് സമരവും ഏറെ ശ്രദ്ധേയമായിരുന്നു. വ്യാപാരികളെ ബാധിക്കുന്ന തീരുമാനങ്ങളിൽ നസിറുദ്ദീൻ സർക്കാരുമായി പലതവണ ഏറ്റുമുട്ടി. വ്യാപാരികൾക്ക് ഒരു രാഷ്ട്രീയസംഘടനയെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യാപാരി നേതാവായിരുന്നു ടി. നസിറുദ്ദീൻ. ഇരുമുന്നണികളോടും പൊരുതി ഒരേസമയം രണ്ട് മുന്നണികളുടെയും ശത്രുവും മിത്രവുമായി മാറി. വ്യാപാരി വ്യവസായി ഏകോപനസമിതി പുനലൂരിൽ നിന്ന് നിയമസഭാസീറ്റിലേക്ക് രണ്ടുതവണയും ലോക്സഭാ സീറ്റിലേക്ക് തൃശ്ശൂരിൽനിന്നും മത്സരിച്ചു. 1987-ൽ നിയമസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 12 സീറ്റിൽ ഏകോപനസമിതി മത്സരിക്കുകയും മറ്റ് സീറ്റുകളിൽ എൽ.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്തു. ഇത്തരത്തിൽ ഇരുമുന്നണികളോടും പൊരുതിയാണ് നേതൃസ്ഥാനത്ത് നിലയുറപ്പിച്ചത്. ആ സന്ദർഭങ്ങളിലെല്ലാം വ്യാപാരികളുടെ ശബ്ദം നിയമനിർമാണസഭകളിൽ ഉയർത്തുന്നതിൽ രാഷ്ട്രീയപ്പാർട്ടി വേണമെന്ന ആശയം വിഭാവനം ചെയ്തതിന് പിന്നിൽ പ്രവർത്തിച്ച ശക്തിയും നസിറുദ്ദീൻ തന്നെയായിരുന്നു.ഹർത്താൽദിനത്തിൽ വ്യാപാരിസമൂഹത്തിനുണ്ടാകുന്ന നഷ്ടം അധികാരികൾ തിരിച്ചറിയണമെന്നും വിവിധ ആവശ്യങ്ങളുടെപേരിൽ ഹർത്താൽ നടത്തുന്നവർ പതിനായിരക്കണക്കിനുവരുന്ന വ്യാപാരികളുടെയും അവരുടെ കുടുംബത്തിന്റെയും പ്രതിസന്ധി കാണാതെ പോകരുതെന്നും അദ്ദേഹം വാദിച്ചു. ഹർത്താൽവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവിൽ ഹർത്താൽദിനത്തിൽ വ്യാപാരികളെ സംഘടിപ്പിച്ച് കടകൾ തുറക്കുന്നതിനു വരെ അദ്ദേഹം തയ്യാറായി. ഇത്തരം പോരാട്ടവീര്യങ്ങൾക്ക് നേതൃത്വംനൽകിയതും അദ്ദേഹം തന്നെയായിരുന്നു.