26 April 2024 Friday

തമിഴ്നാട്ടിൽ ഗുണ്ടകൾക്ക് ആയുധം നിർമിക്കുന്ന ഫാക്ടറി കണ്ടെത്തി; 7 പേർ പിടിയിൽ..

ckmnews




തമിഴ്നാട്ടില്‍ ഗുണ്ടകള്‍ക്കായി ആയുധങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തി. ചെന്നൈയ്ക്കു സമീപമുളള്ള തിരുവെള്ളൂര്‍ സത്യാവെടുശാലയിലാണ് ആധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. സംഭവമുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റിലായി.ഗുണ്ടകള്‍ക്കു മാത്രമായൊരു ആയുധ ഫാക്ടറി. വടിവാളും മഴുവും അരിവാളും തുടങ്ങി മനുഷ്യരെ വെട്ടിക്കീറാനായുള്ള ആയുധങ്ങളില്‍ സ്പെഷലൈസേഷന്‍. ഉപയോഗിച്ച ഇരുചക്രവാഹനം വാങ്ങുന്നതിനായി കോയമ്പത്തൂര്‍ സ്വദേശിയായ ഡി.സുരേഷും സുഹൃത്തും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു. ഇരുചക്രവാഹനം നല്‍കാമെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ഒരുസംഘം ഇരുവരെയും തോക്കിന്‍മുനയില്‍ കൊള്ളയടിച്ചു. ഈകേസിന്റെ അന്വേഷണത്തില്‍ മോഹൻ ചന്ദ്, ശരൺ വിക്കി എന്നിവരെ അറസ്റ്റിലായി. ഇവരില്‍ നിന്നാണു ഗുണ്ടകളുടെ സ്വന്തം ആയുധഫാക്ടറിയെ കുറിച്ച് പൊലീസിനു വിവരം കിട്ടിയത്. തിരുവള്ളൂർ ജില്ലയിലെ സത്യാവെടു ശാലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ആയുധനിര്‍മാണത്തിനുള്ള യന്ത്രങ്ങളും ലെയ്ത്ത് സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു.നിര്‍മാണം പൂര്‍ത്തിയായ ഏഴു വടിവാളുകള്‍ വ്യാജകൈത്തോക്ക്, കഞ്ചാവ് തുടങ്ങിയവ കേന്ദ്രത്തില്‍ നിന്നു പിടികൂടി. ചെന്നൈ,സമീപ ജില്ലകളായ കാഞ്ചിപുരം,തിരുെവള്ളൂര്‍ ,ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലെ ഗുണ്ടകള്‍ക്ക് ഓര്‍ഡറനുസരിച്ചായിരുന്നു ആയുധം പണിതു നല്‍കിയിരുന്നത്. കേന്ദ്രം നടത്തിപ്പുകാരായ തങ്കരാജ്, ശങ്കർ, മണി, ബോണ്ടമണി, ശ്രീരാം, തലപതി, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. വടിവാളൊന്നിനു ഇരുപത്തിരണ്ടായിരം രൂപയീടാക്കിയായിരുന്നു സംഘം വില്‍പന നടത്തിയിരുന്നത്.