09 May 2024 Thursday

മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും

ckmnews

അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ മുക്കാലായിലെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മുട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകുംഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു

ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് സിനിമതാരം മമ്മുട്ടി രംഗത്തുവന്നത്. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബേർട്ട് മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് നൽകി. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് നൽകി. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ അറിയിക്കുകയായിരുന്നുവെന്ന് റോബേർട്ട് പറയുന്നു.