26 April 2024 Friday

എല്ലാവരും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കണം; യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തണം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ജനങ്ങളുടെ സഹായം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിച്ചു വെക്കണം. രോഗബാധിതയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്താനും ഇത് സഹായകമാണ്. സംസ്ഥാനത്ത് വളരെ ചുരുക്കം കേസുകളില്‍ മാത്രമെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നിട്ടുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണം വളരെ വലുതാണ്. സംസ്ഥാനത്തെ നിലവിള്ള അവസ്ഥവച്ചുള്ള വിലയിരുത്തലാണിത്. ഈ സംഖ്യ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ശ്രദ്ധ പാളുന്ന സാഹചര്യമുണ്ടായാല്‍ രോഗബാധിതരുടെ എണ്ണം കൂടുതല്‍ വര്‍ധിക്കും.

നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുകയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യണം. ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ ആത്മാര്‍ഥമാക്കണമെന്നും കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.