27 April 2024 Saturday

നീരജ് ചോപ്രയ്ക്ക് പത്മശ്രീ

ckmnews

ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് പത്മശ്രീ. പാരാലിംപിക്‌സ് താരമായ ദേവേന്ദ്ര ഝഝാരിയക്ക് പത്മ ഭൂഷൺ ലഭിച്ചു. ഇത്തവണ പത്മഭൂഷൺ നേടിയ ഒരേയൊരു കായിക താരം കൂടിയാണ് ദേവേന്ദ്ര. ഇരുവരും ജാവലിൻ ത്രോ താരങ്ങളാണ്. പാരാലിമ്പിക് ഷൂട്ടറായ ആവനി ലെഖ്റയ്ക്കും പത്മശ്രീ ലഭിച്ചു.


ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര. ഒളിമ്പിക്സ് അത്‌ലറ്റിക്സ് വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു അത്. ദേവേന്ദ്രയാവട്ടെ, ടോക്യോയിൽ വെള്ളി നേടി. 2016 റിയോ ഒളിമ്പിക്സിലും 2004 ഏതൻസ് ഒളിമ്പിക്സിലും താരം സ്വർണം നേടിയിരുന്നു. ആവനി ടോക്യോയിൽ സ്വർണവും വെങ്കലവും നേടി.


പാരാലിമ്പിക്സ് ജാവലിൻ ത്രോ താരം സുമിറ്റ് ആൻ്റിൽ, പാരാ ബാഡ്മിൻ്റൺ താരം പ്രമോദ് ഭഗത്, ഹോക്കി താരം വന്ദന കടാരിയ, മുൻ ഫുട്ബോൾ താരം ബ്രഹ്മാനന്ദ് ശംഖ്വാകർ എന്നിവരും കായികമേഖലയിൽ നിന്ന് പത്മശ്രീ പുരസ്കാരത്തിന് അർഹരായി. മലയാളിയായ കളരി ഗുരുക്കൾ ശങ്കര നാരായണ മേനോൻ, കശ്മീർ ആയോധന കല പരിശീലകൻ ഫൈസൽ അലി ദാർ എന്നിവർക്കും പത്മശ്രീ ലഭിച്ചു.