26 April 2024 Friday

കൊവിഡ് കാലത്ത് സ്പെഷ്യൽ ആക്കിയ സർവീസുകൾ വീണ്ടും പഴയ പടി, ടിക്കറ്റ് നിരക്ക് മാറും

ckmnews

ദില്ലി: രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികൾ പോലും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. ഇവ സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് റെയിൽവേ ബോർഡ് അയച്ച കത്തിൽ അറിയിച്ചു. 


അതേ സമയം നിലവിൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്യുന്ന ട്രെയിനുകൾ മറ്റിളവുകൾ നൽകുന്നത് വരെ അതേ പടി നിലനിൽക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. അൺറിസർവ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ മാത്രമാകും. 


അതേ സമയം കൂട്ടിയ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക്, കൊവിഡോടെ നിർത്തലാക്കിയ പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകളിൽ നൽകിയിരുന്ന മറ്റു സേവനങ്ങൾ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയിൽവേ ഉത്തരവിൽ പരാമർശമില്ല .