27 April 2024 Saturday

കാറിൽ അപരിചിതനെ കയറ്റി കുടുംബം,മദ്യപിച്ച് വഴക്കായി; ഗര്‍ഭിണിയും മക്കളും സ്‌റ്റേഷനില്‍

ckmnews


കോഴിക്കോട്:മണിക്കൂറുകള്‍ മാത്രം പരിചയമുള്ളയാളെ കാറില്‍ക്കയറ്റിയ ഗൃഹനാഥനും ഭാര്യയും കുട്ടികളും ഉള്‍പ്പെട്ട കുടുംബം പുലിവാലു പിടിച്ചു. നഗരത്തില്‍ ഡോക്ടറെ കാണാന്‍ എത്തിയ കുടുംബത്തിന്, രാമനാട്ടുകരയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പരിചയപ്പെട്ട ഒരാൾ മൂലമാണ് ഒരു രാത്രി മുഴുവൻ കഷ്ടത അനുഭവിക്കേണ്ടി വന്നത്.


പരിചയപ്പെട്ടയാളിനൊപ്പം കുടുംബം കടല്‍ കാണാനായി ബേപ്പൂര്‍ പുലിമുട്ടിലെത്തി. ഗർഭിണിയായ ഭാര്യയും 13 വയസ്സുള്ള പെണ്‍കുട്ടിയും 9 വയസ്സുള്ള ആണ്‍കുട്ടിയും കടല്‍ക്കരയില്‍ നില്‍ക്കുന്നതിനിടെ ഗൃഹനാഥനും ഒപ്പം കയറിയയാളും കാറിലിരുന്നു മദ്യപിച്ചു.


മദ്യം തലയ്ക്കു പിടിച്ചതോടെ കുടുംബം നഗരത്തിലേക്കു തിരിച്ചുവന്നു. ഇതിനിടെ സുഹൃത്തും ഗൃഹനാഥനുമായി വഴക്കായി. കാർ നിര്‍ത്തി പുറത്തിറങ്ങിയ ഗൃഹനാഥന്‍ സുഹൃത്തിനെ തല്ലാനൊരുങ്ങിയതോടെ ഉന്തുംതള്ളുമായി. അതോടെ നാട്ടുകാര്‍ ഇടപെട്ടു. അതിനിടെ സുഹൃത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതു തടഞ്ഞ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കാറിലുള്ളവരെ സ്റ്റേഷനിലെത്തിച്ചു.

ഗൃഹനാഥനും സുഹൃത്തിനും നടക്കാൻപോലുമാവാത്ത തരത്തിൽ മദ്യം തലയ്ക്കു പിടിച്ചിരുന്നു. അതോടെ ഭാര്യയും കുട്ടികളും എന്തു ചെയ്യണമെന്നറിയാതെ സ്റ്റേഷനിൽത്തന്നെയിരുന്നു. ഗര്‍ഭിണിയായ യുവതിയെയും കുട്ടികളെയും ഒറ്റയ്ക്കു വിടാന്‍ പറ്റില്ലെന്നു തീരുമാനിച്ച പൊലീസ് യുവതിയെയും പെൺകുട്ടിയെയും സാമൂഹിക നീതി വകുപ്പിന്റെ സഖി സെന്ററിലേക്കും ആണ്‍കുട്ടിയെ ബോയ്‌സ് സെന്ററിലേക്കും മാറ്റി. ഇന്നു രാവിലെ മദ്യലഹരിയില്‍നിന്ന് മുക്തനായ ഗൃഹനാഥനു ബോധവല്‍ക്കരണം നടത്തിയ ശേഷം കുടുംബത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് കുടുംബം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു പോയി.