08 May 2024 Wednesday

ക്ലബ്ബ് ഹൗസിൽ രാത്രി സഭ്യതയില്ലാത്ത റൂമുകൾ: ‘ മഫ്ടിയിൽ’പോലീസ് നിരീക്ഷണം ശക്തമാക്കുന്നു

ckmnews

തൃശ്ശൂർ: പുതിയ സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസിൽ സഭ്യതയെല്ലാം ലംഘിച്ചുള്ള റൂമുകൾ അർധരാത്രി സജീവമാവുന്നു. ഇത്തരം റൂമുകളുടെമേൽ പോലീസ് നിരീക്ഷണം ശക്തമാക്കുകയാണ്. തിരിച്ചറിയാത്ത ഐഡി. കളുമായി പോലീസ് സേനയിലുള്ളവർ ഇത്തരം റൂമുകളിലെത്തി നിരീക്ഷിക്കും. മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്തെങ്കിലും പരാതിയോ കേസോ ഉണ്ടായാൽ മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളുമുണ്ടാവും. കേൾവിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

രാത്രി 11 മുതലാണ് ഇത്തരം റൂമുകൾ സജീവമാവുന്നത്. മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. സ്പീക്കർ പാനലിൽ സ്ത്രീകളും പുരുഷൻമാരും ധാരാളം ഉണ്ടാവും. ഓഡിയൻസ് പാനലിലുള്ളവരേയും ചേർത്താൽ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആൾക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്.

ഇതിൽ മിക്കവരുടേയും പ്രൊഫൈൽ ഫോട്ടോയോ പേരോ യഥാർഥത്തിലുള്ളതാവില്ല. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകൾ തുടങ്ങുന്നത്. മറ്റ് സാമൂഹികമാധ്യമങ്ങളേക്കാൾ ആർക്കും കേൾക്കാവുന്ന പൊതുചർച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത. ലൈംഗിക സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നത്.

മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്.

ആർക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പോലീസ് പറയുന്നത്.

മൊബൈൽ ഫോണുകൾ രാത്രി രക്ഷിതാക്കൾ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്ന് പോലീസ് പറയുന്നു.

അശ്ലീല റൂമുകളിലെ പരിചയംവഴി പലരും ഹണി ട്രാപ്പിൽ ചെന്നുവീഴാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പെൺവാണിഭ സംഘങ്ങളുടെ ഇടപെടലും ഇത്തരം റൂമുകൾക്ക് പിന്നിലുള്ളതായാണ് റിപ്പോർട്ട്. ചാറ്റിങ് സൗകര്യം കൂടി ഉൾപ്പെടുത്തിയതിനാൽ പലരേയും വലയിൽ വീഴ്ത്താനുള്ള ഉപാധിയാക്കി അത് മാറ്റുന്നതായി പോലീസ് സംശയിക്കുന്നു.