26 April 2024 Friday

ബാഹുബലിക്കു ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന RRRന്റെ റിലീസ് മാറ്റിവെച്ചു

ckmnews

ബാഹുബലിക്കു ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ന്റെ റിലീസ് മാറ്റിവെച്ചു. നേരത്തെ ഒക്ടോബര്‍ 17ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്ബ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ കെ സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്‌എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

റിലീസിന് മുമ്ബ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. റിലീസിന് മുമ്ബ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഡിവിവി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.