04 May 2024 Saturday

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു;മാറ്റം സെപ്റ്റംബര്‍ ഒന്ന് മുതല്‍

ckmnews


മസ്കത്ത്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഒമാൻ നീക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാം. ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

ഏപ്രിൽ അവസാനവാരമാണ് ഒമാൻ ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. പത്തുദിവസത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടർന്ന് നീണ്ടുപോകുകയായിരുന്നു.വിലക്ക് അവസാനിക്കുകയാണെന്നും സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഒമാൻ ഭരണകൂടം അറിയിച്ചു. 

ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശന അനുമതി.


യു.എ.ഇക്ക് പുറമെ ഒമാൻ കൂടി ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് അവസാനിപ്പിച്ച സാഹചര്യത്തിൽ പ്രവാസികളുടെ പ്രതിസന്ധി ഘട്ടംഘട്ടമായി പരിഹരിക്കപ്പെടുകയാണ്.ഒന്നര വർഷത്തെ നേരിട്ടുള്ള പ്രവേശനവിലക്ക് അവസാനിപ്പിച്ചു കൊണ്ട് കുവൈത്തും കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇനി സൗദിയിലേക്ക് കൂടി നേരിട്ട് പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടായാൽ പ്രവാസികളുടെ ഗൾഫിലേക്കുള്ള മടക്കം പൂർണ അർഥത്തിൽ എളുപ്പമാകും.