11 May 2024 Saturday

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചു കുട്ടികൾ പിടിയിൽ

ckmnews

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചു കുട്ടികൾ പിടിയിൽ


തിരൂർ:കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം.


നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിൽ കുളിക്കാൻപോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് പുലിവാലുപിടിച്ചത്. കുട്ടികളിലൊരാൾ തുമരക്കാവ് വെച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോൾ, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടിനിർത്തി. ഉടനെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ടു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു. റെയിൽവേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവർനടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിങ് നടത്തി.കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കും.