26 April 2024 Friday

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

ckmnews

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും


ദില്ലി: നിയമസഭാ  കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിലാണ് വിധി.


നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങൾ കോടതി വിധിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 


കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.