27 April 2024 Saturday

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം; മരണം 11 കടന്നു

ckmnews

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തില്‍ മരണം 11 ആയി. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. വ്യാഴാഴ്ച്ച കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളില്‍ ചിലര്‍ കിണറ്റിലേക്ക് ഇറങ്ങി. ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നില്‍ക്കുന്നുണ്ടായിരുന്നു.

ഇതിനിടയില്‍ കിണറ്റിന്റെ ആള്‍മറ തകര്‍ന്ന് വീണതാണ് അപകടത്തിനിടയാക്കിയത്. മുപ്പതോളം പേരാണ് കിണറ്റിലേക്ക് വീണത്. 19 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഒരുക്കും. അതേസമയം, കിണറ്റില്‍ ആദ്യം വീണ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വരെ പെണ്‍കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കാനായിരുന്നില്ല. കിണറ്റിലേക്ക് വീണ അരമതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് പെണ്‍കുട്ടി.