08 May 2024 Wednesday

കൊറോണ; ഇന്ത്യയില്‍ രോഗബാധിതര്‍ ഒരുലക്ഷം കടന്നു; മരണം 3000

ckmnews

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെയും ഇന്ത്യയില്‍ 3000പേരാണ് കൊറോണബാധിച്ച് മരിച്ചത്. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് കേസുകള്‍ വര്‍ദ്ധിച്ചതായാണ് സൂചന.

മാര്‍ക്കറ്റുകള്‍, ലോക്കല്‍ ബസ് സര്‍വീസുകള്‍, സലൂണുകള്‍ എന്നിവ പല സംസ്ഥാനങ്ങളിലും തുറന്നു. കോളജ്, സ്‌കൂള്‍, മാളുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുകയാണ്. ഇന്നലെ രാവിലെ 5242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്.

ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ സോണുകള്‍ നിശ്ചയിക്കല്‍ സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിട്ടിരിക്കുകയാണ് കേന്ദ്രം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യവസ്തുക്കളുടെ ആവശ്യം മാത്രം പരിഗണിച്ച് കടകള്‍ തുറക്കാനും ജോലികള്‍ ആരംഭിക്കാനുമാണ് കേന്ദ്രനിര്‍ദേശം. ബസുകള്‍ ഓടാം, എന്നാല്‍, വിമാനസര്‍വീസുകളും മെെട്രാ സര്‍വീസും ഒഴിവാക്കും. ഇന്ത്യയില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.